കണിച്ചാർ ജനകീയ ആംബുലൻസ് വിവാദത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ പല പരാമർശങ്ങളും വസ്തുതാ വിരുധവും നീക്കങ്ങൾ രാഷ്ട്രീയപ്രേരിതവുമാണെന്ന് മുൻ പ്രസിഡന്റ് ആൻ്റണി സെബാസ്റ്റ്യൻ.കണിച്ചാർ പഞ്ചായത്തിലെ ജനകീയ ആംബുലൻസുമായി ബന്ധപ്പെട്ട് നിലവിലെ ഭരണസമിതി നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് ആൻ്റണി സെബാസ്റ്റ്യൻ വിമർശിച്ചത്. ഇപ്പോഴത്തെ പഞ്ചായത്ത് നേതൃത്വം നടത്തുന്ന പ്രചാരണങ്ങളും പോലീസ് പരാതിയും വാസ്തവവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണ്. ജനങ്ങളുടെ സംഭാവനയിലൂടെ വാങ്ങിയതാണ് ആംബുലൻസ്. വാഹനത്തിന്റെ പ്രവർത്തനം സംബന്ധിച്ച എല്ലാ കാര്യങ്ങളും പൂർണ്ണമായും സുതാര്യമാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് ഭരണസമിതി പിന്തിരിയണം.
ആംബുലൻസ് പഞ്ചായത്തിന് വിട്ടുനൽകാൻ ജനകീയ കമ്മിറ്റി നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ 2023 ലെ സർക്കാർ നിർദ്ദേശപ്രകാരം ഇത്തരം വാഹനങ്ങളുടെ ചെലവുകൾ പഞ്ചായത്തിന് നേരിട്ട് ഏറ്റെടുക്കാനാകില്ല. പകരം ഗവ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയെ (HMC) ചുമതലയേൽപ്പിക്കാനാണ് മുൻ പഞ്ചായത്ത് യോഗം തീരുമാനിച്ചിരുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാത്രമാണ് അന്ന് പ്രസിഡന്റിന്റെ പേരിൽ ആർസി. എടുത്തത്. ഈ യാഥാർത്ഥ്യം മറച്ചുവെച്ചാണ് നിലവിലെ പരാതിയെന്നും അദ്ദേഹം വ്യക്തമാക്കി.ഇൻഷുറൻസ് ഇല്ലാതെ വാഹനം പുറത്തിറക്കാൻ പോലും കഴിയില്ല എന്ന കാര്യമെങ്കിലും പഞ്ചായത്ത് ഭരണസമിതി ഓർക്കണം. 2027 വരെ ഇൻഷുറസും ടാക്സും നൽകിയാണ് ആംബുലൻസ് ഓടുന്നത്. 13 വാർഡുകളിൽ നിന്നുള്ള പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ പണം പിരിച്ചാണ് ആംബുലൻസ് വാങ്ങിയത്. സിപിഎമ്മുകാർ മാത്രമല്ല എല്ലാ പാർട്ടിക്കാരും അടങ്ങിയ ജനകീയ കമ്മിറ്റിയാണ് ആംബുലൻസ് കൈകാര്യം ചെയ്യുന്നത്. ട്രഷറർ കോൺഗ്രസിൻ്റെ മുൻ പഞ്ചായത്തംഗവും സ്ഥിരം സമിതി ചെയർമാൻ ജോജൻ എടത്താഴെയാണ്. മുഴുവൻ കണക്കുകളും സുതാര്യമാണ്. കണക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കണക്കുകൾ കൈമാറാൻ തയാറാണ്. ആംബുലൻസ് പഞ്ചായത്ത് ഏറ്റെടുക്കാൻ തയറായാൽ മാത്രം മതിയെന്നും ആൻ്റണി സെബാസ്റ്റ്യൻ പറഞ്ഞു. സിപിഎം മുൻ ലോക്കൽ സെക്രട്ടറി ജീധരനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Former President Antony Sebastian tells Kanichar Panchayat not to contradict facts.





















